കോൽക്കത്ത: തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിച്ച് ബംഗാളിൽ അറസ്റ്റിലായ ഹമീം മൊണ്ടലിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള ഹമീം ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിട്ടിരുന്നു.
ഡൽഹി ജന്തർമന്തറിൽ പോലീസ് യൂണിഫോമിൽ നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ പദ്ധതിയിടുകയും ചെയ്തിരുന്നതായി സ്പെഷൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കി. അതേസമയം പ്രതിയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
കേസിൽ നിർണായക വഴിത്തിരിവായത് ഹമീമിന്റെ കാമുകി അർപിത സർക്കാരാണ്. വെള്ളിയാഴ്ച ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഹമീമും അർപിതയും ചേർന്ന് മന്ത്രി ഉമേഷ് റായിയുടെ മകനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
രാഷ്ട്രീയക്കാരടക്കമുള്ള പ്രമുഖരെ ഹണിട്രാപ്പിൽ കുടുക്കി നിർണായക വിവരങ്ങൾ ചോർത്തി അർപിത ഹമീമിന് കൈമാറിയിരുന്നു. ഇവർക്ക് പാക്കിസ്ഥാൻ ബന്ധം സ്ഥിരീകരിക്കുന്ന വാട്സാപ്പ് ചാറ്റുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.